ഉപ്പള: ബന്തിയോടിനു സമീപം ദേശീയപാതയുടെ സർവീസ് റോഡിൽ രണ്ടു ബൈക്കുകളും പിക്കപ്പ്വാനും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
മംഗളൂരു യേനക്കല്ല് പടിനടുക്കയിലെ സുരേഷ് റൈയുടെ മകൻ നിരഞ്ജൻ (24) ആണ് മരിച്ചത്. മറ്റൊരു ബൈക്കിലെ യാത്രികൻ മംഗളൂരു ശക്തിനഗർ സ്വദേശി കൃതിക ബെന്നിയെ (24) ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച അർധരാത്രി 12.30 ഓടെയായിരുന്നു അപകടം. മംഗളൂരുവിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ എതിരേ വന്ന പിക്കപ്പ്വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ദേശീയപാതയുടെ ഇടുങ്ങിയ സർവീസ് റോഡുകളിൽ വാഹനത്തിരക്കേറുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിവയ്ക്കുന്ന സാഹചര്യമാണെന്ന് നേരത്തേ നിരവധി തവണ പരാതികൾ ഉയർന്നിരുന്നു.